‘ഒരു മരത്തിനൊപ്പം നമ്മള്‍ നടുന്നത് സമാധാനത്തിന്റെയും പ്രതീക്ഷയുടെയും വിത്തുകള്‍ കൂടിയാണ് ‘ എന്ന ഈ വാക്കുകളിലൂടെ ഒരു സമ്പൂര്‍ണ്ണ ജനതയ്ക്ക് പ്രകൃതിസംരക്ഷണ സന്ദേശം പകര്‍ന്നു നല്‍കിയ വനിതയാണ് വംഗാരി മാതായി. പ്രകൃതി സ്‌നേഹി, രാഷ്ട്രീയ പ്രവര്‍ത്തക, എഴുത്തുകാരി, പരിസ്ഥിതി പ്രവര്‍ത്തക എന്നീ നിലകളില്‍ പ്രസിദ്ധയായ വംഗാരിയുടെ ജീവിതം, പ്രതിസന്ധികളുടെയും അഗീകാരങ്ങളുടെയും ഒരു നീണ്ട നിര തന്നെ കാഴ്ച്ചവയ്ക്കുന്നു.
1940 ഏപ്രില്‍ 1ന് കെനിയയിലെ നെയ്‌റി ജില്ലയില്‍ കിക്കുയു ഗോത്രവര്‍ഗ്ഗത്തിലാണ് വംഗാരി മുത മാതായി ജനിച്ചത്. 1943ല്‍ പിതാവിന്റെ ജോലി ആവശ്യത്തിനായി കുടുംബസമേതം വംഗാരി റിഫ്റ്റ് താഴ്വരയിലേക്ക് താമസം മാറി. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മാതാവിനൊപ്പം തിരികെ നാട്ടിലെത്തിയ അവര്‍, തന്റെ 8ാം വയസ്സില്‍ സഹോദരങ്ങളോടൊപ്പം ഇഹീത്ത െ്രെപമറി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭാസം ആരംഭിച്ചു. സെയ്ന്റ് സെസിലിയ ഇന്റര്‍മീഡിയേറ്റ് സ്‌കൂളിലും ലിമുറുവിലെ ലൊറൈറ്റോ ഹൈസ്‌കൂളിലുമായി പഠനം പൂര്‍ത്തിയാക്കിയ വംഗാരി, ഇംഗ്ലീഷ് ഭാഷയിലും പ്രാവീണ്യം നേടിയിരുന്നു. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന അവര്‍ക്ക് ‘ദ കെന്നഡി എയര്‍ലിഫ്റ്റ്’ എന്ന പദ്ധതിയുടെ ഭാഗമായി യു.എസില്‍ ഉപരിപഠനം നടത്താനുള്ള സ്‌കോളര്‍ഷിപ്പ് ലഭിക്കുകയുണ്ടായി. അങ്ങനെ കന്‍സാസിലെ ബനഡിക്ട് കോളേജില്‍ പ്രവേശനം ലഭിച്ചു. മൂന്ന് വര്‍ഷത്തെ പഠനത്തിനൊടുവില്‍, 1964ല്‍ വംഗാരി ബയോളജിയില്‍ ബിരുദം നേടി.1966ല്‍ പിറ്റ്‌സ്ബര്‍ഗ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
പഠനശേഷം കെനിയയില്‍ തിരിച്ചെത്തിയ വംഗാരിക്ക് ചില തിരിച്ചടികള്‍ നേരിടേണ്ടതായി വന്നു. തനിക്ക് ലഭിക്കേണ്ടിയിരുന്ന ജോലി മറ്റാര്‍ക്കോ നല്‍കപ്പെട്ടത് അവരെ ദു:ഖിപ്പിച്ചു. താനൊരു സ്ത്രീയായതിനാലും തന്റെ ഗോത്രത്തോടുള്ള വിവേചനത്താലുമാണിതു സംഭവിച്ചതെന്ന് അവര്‍ വിശ്വസിച്ചു. രണ്ടു മാസം നീണ്ട തൊഴില്‍ അന്വേഷണത്തിനൊടുവില്‍ ജര്‍മ്മനിയിലെ ഗീസ്സെന്‍ സര്‍വ്വകലാശാലയിലെ പ്രൊഫസ്സര്‍ റെയ്ന്‍ഫോര്‍ഡ് ഹോഫ്മാനിന്റെ സഹായത്താല്‍ നയ്‌റോബി സര്‍വ്വകലാശാലയിലെ വെറ്റിനറി വിഭാഗത്തില്‍ ഗവേഷണ സഹായിയായി ജോലി ലഭിച്ചു. തുടര്‍ന്ന് ഗോഫ്മാന്റെ നിര്‍ദേശപ്രകാരം 1969ല്‍ വംഗാരി ഡോക്ടറേറ്റ് പഠനത്തിനായി ഗീസ്സെന്‍ സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. ഇതെ വര്‍ഷം തന്നെ, കെനിയന്‍ വംശജനായ എംവാങ്കി മാതായിയെ വിവാഹം ചെയ്തു. 1971ല്‍ പി.എച്ച്.ഡി. നേടിയതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കിഴക്ക് ആഫ്രിക്കന്‍ വനിതയായി വംഗാരി മാറി.1976ല്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വിമന്‍ ഓഫ് കെനിയയില്‍ അംഗമായി.198187 കാലയളവില്‍ കൗണ്‍സിലിന്റെ ചെയര്‍മാനായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. പദവിയിലിരിക്കെ തന്നെ സഹപ്രവര്‍ത്തകരായ സ്ത്രീകളുടെ തുല്യ അവകാശങ്ങള്‍ക്കു വേണ്ടി അവര്‍ നിലകൊണ്ടു.
വിമന്‍ കൗണ്‍സിലിന്റെ ഭാഗമായിരിക്കെയാണ് ചെടികള്‍ നട്ടുപിടിപ്പിക്കുക എന്ന ആശയം വംഗാരിയുടെ മനസ്സിലുദിക്കുന്നത്. സഹപ്രവര്‍ത്തകരായ സ്ത്രീകളുടെ സഹായത്താല്‍ പാടങ്ങളിലും പള്ളികളിലും സ്‌കൂള്‍ മൈതാനങ്ങളിലുമൊക്കെയായി 20 ദശലക്ഷം വൃക്ഷങ്ങള്‍ അവര്‍ വച്ചുപിടിപ്പിച്ചു. ഇതിലൂടെ വംഗാരി പ്രകൃതിസംരക്ഷണത്തിന്റെ വക്താവായി മാറുകയായിരുന്നു. പാരസ്ഥിതിക പുന: സ്ഥാപനത്തിലൂടെ തൊഴില്‍ വര്‍ദ്ധന എന്ന ആശയത്തെ മുന്‍നിര്‍ത്തി ‘എന്‍വിറോകെയര്‍ ലിമിറ്റഡ് ‘എന്ന പേരില്‍ ഒരു വാണിജ്യ സംരംഭത്തിനു അവര്‍ തുടക്കം കുറിച്ചെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം അതു പരാജയപ്പെട്ടു. എന്നാല്‍ ഇതൊന്നും വംഗാരിയെ തളര്‍ത്തിയില്ല എന്നതിന് തെളിവായിരുന്നു 1977 ജൂണ്‍ 5ന് അരങ്ങേറിയ പരിപാടി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിമന്‍ കൗണ്‍സില്‍ അംഗങ്ങള്‍ നെയ്‌റോബിയിലെ കെന്യാട്ട അന്താരാഷ്ട്ര സമ്മേളനകേന്ദ്രം മുതല്‍ കമുകുഞ്ചി പാര്‍ക്ക് വരെ ഘോഷയാത്ര നടത്തുകയും വൃക്ഷത്തെകള്‍ നടുകയും ചെയ്തു. വംഗാരിയെ പ്രസിദ്ധയാക്കിയ ‘ഗ്രീന്‍ബല്‍റ്റ്’ പ്രസ്ഥാനത്തിലേക്കുള്ള ആദ്യ ചുവട് തന്നെയായിരുന്നു ‘സേവ് ദ ലാന്റ് ഹറാംബീ’ എന്നറിയപ്പെട്ട ഈ പ്രകടനം.
1977ല്‍ വംഗാരിക്ക് തന്റെ സ്വകാര്യ ജീവിതത്തില്‍ ചില നഷ്ടങ്ങള്‍ നേരിടേണ്ടതായി വന്നു. എംവാങ്കിയുമായുള്ള ദാമ്പത്യം തകരുകയും വിവാഹമോചനത്തില്‍ കലാശിക്കുകയും ചെയ്തു. തന്റെ വിവാഹമോചന കേസില്‍ വിധി പറഞ്ഞ ന്യായാധിപന്‍, അഴിമതിക്കാരനാണെന്ന വംഗാരിയുടെ പരാമര്‍ശം വിവാദത്തിന് ഇടയാക്കി. അവര്‍ കോടതിയലക്ഷ്യത്തിന് ശിക്ഷിയ്ക്കപ്പെടുകയും ചെയ്തു. വിവാഹ മോചനത്തിനു ശേഷം, സ്വന്തം വരുമാനത്തിലൂടെ മാത്രം കുടുംബം പുലര്‍ത്തുക എന്നത് വംഗാരിയ്ക്ക് വെല്ലുവിളിയായിരുന്നു. എന്നാല്‍ പ്രതിസന്ധികള്‍ക്കു മുന്നില്‍ പതറാതെ, അവര്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയി.
1985ല്‍ നെയ്‌റോബിയില്‍ അരങ്ങേറിയ മൂന്നാം ആഗോള വനിതാ സമ്മേളനത്തില്‍ വംഗാരി ഗ്രീന്‍ബെല്‍റ്റിനെ വിശദീകരിച്ചു കൊണ്ടുള്ള സെമിനാറുകള്‍ അവതരിപ്പിച്ചു. ഗ്രാമീണ കെനിയന്‍ സ്ത്രീകളുടെ പ്രകൃതി സംബന്ധമായ പ്രശ്‌നങ്ങള്‍ ദൂരീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗ്രീന്‍ബെല്‍റ്റ് പ്രസ്ഥാനത്തെ, ലോകശ്രദ്ധയില്‍ എത്തിക്കുവാന്‍ ഇത് സഹായകമായി. പ്രസ്ഥാനം മാധ്യമ ശ്രദ്ധ കൈവരിച്ചതോടെ വംഗാരിയെ ലോകം തിരിച്ചറിഞ്ഞു. അവരെ തേടി നിരവധി അംഗീകാരങ്ങള്‍ എത്തുകയും ചെയ്തു.
പരിസ്ഥിതി പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ രാഷ്ട്രീയജനാധിപത്യ പ്രവര്‍ത്തനങ്ങളിലും തികഞ്ഞ പോരാട്ടമികവ് പുലര്‍ത്തിയ വ്യക്തിയായിരുന്നു വംഗാരി മാതായി. അനേക പരാജയങ്ങള്‍ക്കൊടുവില്‍, 2002ലെ കെനിയന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ‘നാഷണല്‍ റെയ്ന്‍ബോ’ സഖ്യത്തിനു വേണ്ടി മത്സരിച്ച വംഗാരി 98% വോട്ടുകളോടെ വിജയിച്ചു. തുടര്‍ന്ന് പരിസ്ഥിതി വകുപ്പ് സഹമന്ത്രിയായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. സുസ്ഥിരവികസനം, സമാധാനം, ജനാധിപത്യം എന്നീ മേഖലകളില്‍ നല്‍കിയ അതുല്യ സംഭാവനകളുടെ അടിസ്ഥാനത്തില്‍ 2004ല്‍ വംഗാരിയ്ക്ക് സമാധാന നൊബേല്‍ ലഭിച്ചു. 2005ല്‍ ആഫ്രിക്കന്‍ യൂണിയന്റെ സാമ്പത്തിക, സാമൂഹിക സാംസ്‌കാരിക കൗണ്‍സിലിന്റെ ആദ്യ പ്രസിഡന്റായി ചുമതലയേറ്റു. 2006ല്‍ ഇന്ദിരാഗാന്ധി സമാധാന സമ്മാനത്തിനും അര്‍ഹയായി.
ഇങ്ങനെ മികച്ച വിജയങ്ങള്‍ കരസ്ഥമാക്കിയ ഈ വനിത 2011 സെപ്റ്റംബര്‍ 25ന് തന്റെ 71ാം വയസ്സില്‍ അണ്ഡാശയ അര്‍ബുദത്തത്തെ തുടര്‍ന്ന് ഈ ലോകത്തോട് വിട പറഞ്ഞു.