കുട്ടിക്കാലത്ത് ഓശാന ഞായറുകളോട് എനിക്ക് ഒരു പ്രത്യേക താത്പര്യമുണ്ടായിരുന്നു. അതിരാവിലെ തന്നെ വെളള ഷര്‍ട്ടും വെളള നിക്കറുമണിയിച്ച് അമ്മ എന്നെ പളളിയിലേക്ക് ഒരുക്കി വിടുമായിരുന്നു. ശുഭ്രവസ്ത്രധാരികളെക്കൊണ്ട് നിറഞ്ഞ ഞങ്ങളുടെ പളളി ആ അവസരങ്ങളില്‍ ഒരു സുന്ദരിയായി മാറിയിരുന്നു. കുരുത്തോലകളേന്തി വെളള വസ്ത്രങ്ങളണിഞ്ഞ് ഗമയോടെ നടക്കാനൊരു സുഖം. സ്വര്‍ഗ്ഗീയമാലാഖമാര്‍ മണ്ണിലിറങ്ങി ഓശാനപാടുന്ന ദിസമാണല്ലോ അത്.       

മാലാഖമാരുടെ നിറമെന്താണമ്മേ? എന്റെ ചോദ്യത്തിന്, തൂവെളളനിറം എന്നാണ് എനിക്ക് ഉത്തരം കിട്ടിയത്. ശരിയാണ.് സിനിമകളിലും വര്‍ണച്ചിത്രങ്ങളിലുമെല്ലാം വെളളയണിഞ്ഞ മാലാഖമാരെയാണ് ഞാന്‍ കണ്ടിട്ടുളളത്. അങ്ങനെ കുട്ടിക്കാലത്തുതന്നെ വെളളനിറം വിശുദ്ധിയുടെയും നിഷ്‌കളങ്കതയുടെയും പ്രതീകമാണെന്ന ധാരണ എന്നിലാഴമായി പതിഞ്ഞു.

വെളളയണിഞ്ഞ് മാലാഖമാരുടെ കളിത്തോഴനാകാന്‍ ഞാന്‍ ആഗ്രഹിച്ചു. ഊണിലും ഉറക്കത്തിലും വെളളനിറം എന്നില്‍ നിറഞ്ഞു നിന്നു. എന്റെ സ്വപ്നങ്ങളിലും ശുഭ്രം നിറഞ്ഞാടി. തെളിഞ്ഞ ആകാശത്ത്, കുടിക്കുന്ന പാലില്‍, പുസ്തകത്താളില്‍, കളിക്കൂട്ടുകാരുടെ ചിരിയില്‍, മുറിക്കുളളിലെ നാലു ചുവരുകളിലും… ഒക്കെ ഞാന്‍ തൂവെളള നിറം കണ്ടു. ഞാന്‍ എന്നാല്‍ വുശുദ്ധിയുടെ തൂവെളളയാകണം എന്ന ചിന്ത എന്നില്‍ അലിഞ്ഞുചേര്‍ന്നു.

കാലഗതിയുടെ വ്യതിയാനങ്ങളില്‍ തട്ടിയും മുട്ടിയും എന്റെ ശുഭ്രതയ്ക്ക് മങ്ങലേറ്റു. തത്വശാസ്ത്രത്തിന്റെയും നവീനശാസ്ത്രങ്ങളുടേയും അപഥശാഖകളില്‍ കാല്‍ക്കുടുങ്ങി ഞാനലഞ്ഞു. കരിപുരണ്ട, മങ്ങിയ, ആരും ഇഷ്ടപ്പെടാത്ത തമസിന്റെ പിടിയിലായി ഞാന്‍. കഠിനവേദനയാല്‍ പിടഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന ശുഭ്രതീവ്രതയില്‍ നിന്ന് ഇരുട്ടിന്റെ ദയനീയതയിലേക്കുളള എന്റെ യാത്ര ബീഭത്സമായിരുന്നു. സചേതന സൗന്ദര്യത്തില്‍ നിന്നും നിര്‍ജ്ജീവതയുടെ ശൂന്യതയിലേക്ക് ഞാന്‍ എടുത്തെറിയപ്പെട്ടു. ഒന്നാം കൂദാശാനന്തരം പളളിയങ്കണം വിടുമ്പോള്‍ എന്റെ അമ്മ സ്വകരങ്ങളില്‍ ഒരു പക്ഷെ ഒരു മാലാഖയെ കണ്ടിരിക്കാം. ആ കണ്ണുകളുടെ ഭാഗ്യമോര്‍ത്ത് കണ്ണീര്‍ പൊഴിച്ചിരിക്കാം…

കരിക്കട്ടയായ എന്നിലേക്ക് കനല്‍ക്കട്ട കടന്നുവന്നപ്പോള്‍ ഞാന്‍ വെട്ടിത്തിളങ്ങി. പിന്നീടത് മങ്ങുകയും ചെയ്തു. ചുറ്റിലെ ശൈത്യവും ഉളളിലെ തണുപ്പും എന്റെ കനലുകളുടെ തീവ്രതകെടുത്തിക്കളഞ്ഞു. അങ്ങനെ ഞാന്‍ കറുത്തിരുണ്ടവനായി. മാലാഖാകൂട്ടത്തില്‍ നിന്നും ഇരുട്ടിന്റെ താഴ്‌വരയിലേക്കുളള ഒരു പ്രയാണമായിരുന്നു അത്. പിന്നെയും എന്റെ അമ്മയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. മാതൃത്വത്തിന്റെ വേദന കണ്ണുകളിലൂടെയൊഴുകി. വളരെ ബദ്ധപ്പെട്ട് എന്റെ ജീവിതനൗക ഞാന്‍ വുശിദ്ധിയുടേയും ശാന്തതയുടേയും തീരത്തടുപ്പിച്ചു. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞാണെങ്കിലും വര്‍ണശബളമായ പ്രപഞ്ചത്തേയും വിശുദ്ധുയുടെ തൂവെളളയേയും തമ്മില്‍ തിരിച്ചറിയാനുളള പക്വത ഞാന്‍ കൈവരിച്ചു. ബന്ധിതമായ മുഴുനീളന്‍ തൂവെളള പുറംചട്ടക്കുളളിലെ സ്വതന്ത്രസഞ്ചാരിയുടെ നൈര്‍മല്യം നിലനിര്‍ത്താന്‍ ഞാന്‍ പറൂദീസായിലേക്കടുക്കുന്നു…ഉറച്ച ചുവടുവയ്പ്പുകളിലൂടെ…വെളുപ്പിക്കപ്പെട്ട ഒരു ബ്ലാക്ക് ഏയ്ഞ്ചലിനെപ്പോലെ

LEAVE A REPLY

Please enter your comment!
Please enter your name here