Tess J S
അനോനേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന വൃക്ഷമാണ് ആത്ത. അനോന സ്‌ക്വാമോസ, അനോന റെറ്റിക്കുലേറ്റ, അനോന മ്യൂറിക്കേറ്റ എന്നിവയാണ് കേരളത്തില്‍ കണ്ടുവരുന്ന പ്രധാനയിനങ്ങള്‍. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന ആത്തയുടെ ജന്മദേശം അമേരിക്കയോ, വെസ്റ്റ് ഇന്‍ഡീസോ ആണെന്ന് കരുതപ്പെടുന്നു. ഏകദേശം പത്ത് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇവ ഇലകള്‍ പൊഴിക്കുന്ന വൃക്ഷമാണ്. ജനുവരി, ഫെബ്രുവരി മാസമാകുന്നതോടെ പുതിയ ഇലകള്‍ ഉണ്ടാവുകയും പുഷ്പിക്കാന്‍ തുടങ്ങുകയും ചെയ്യും.
അനോന സ്‌ക്വാമോസ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന സീതപ്പഴം ആത്തയുടെ വര്‍ഗ്ഗത്തില്‍ വ്യാവസായികമായി ഏറ്റവും കൂടുതല്‍ കൃഷിചെയ്യുന്ന ഇനമാണ്. ഇവ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6 എന്നിവയാല്‍ സമ്പുഷ്ടമാണ് ഇവ.
രാമപ്പഴം എന്ന് മലയാളികള്‍ വിളിക്കുന്ന അനോന റെറ്റിക്കുലേറ്റ ധാരാളം ചെറുശാഖകളുള്ള മരമാണ്. ഇരുപത് വര്‍ഷം വരെയാണ് ഇവയുടെ ആയുസ്സ്. കായ്കള്‍ പഴുക്കുമ്പോള്‍ പച്ചയില്‍ നിന്ന് ഇളം മഞ്ഞ കലര്‍ന്ന ചുവപ്പ് നിറമായി മാറുന്നു.
അനോന മ്യൂറിക്കേറ്റ എന്ന മുള്ളാത്ത വ്യാവസായികാടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കാന്‍ തുടങ്ങിയിട്ട് അധികനാളായില്ല. ഇവയുടെ കായ്കള്‍ കടും പച്ച നിറത്തില്‍ കാണപ്പെടുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന അസറ്റോജനിന്‍ എന്ന ഘടകത്തിന് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
നൂറ്റിയറുപത് സ്പീഷീസുകളിലായി കാണപ്പെടുന്ന ആത്ത ഫലവൃക്ഷമെന്നതിലുപരി ഔഷധ സസ്യം കൂടിയാണ്. ഇലയും, പഴത്തിന്റെ കുരുവും, തൊലിയും ആയുര്‍വേദമരുന്നുകളുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്നു.