Tess J S
ലോകത്തിലാകെ അഞ്ചിനം കാണ്ടാമൃഗങ്ങള്‍ കാണപ്പെടുന്നു. മൂന്നുകുളമ്പുള്ള ജീവിയായ ഇവ റൈനോസിറ്റോറിഡെ കുടുംബത്തില്‍ ഉള്‍പ്പെടുന്നവയാണ്. അഞ്ചിനം കാണ്ടാമൃഗങ്ങളില്‍ മൂന്നിനം ഏഷ്യയിലും രണ്ടിനം ആഫ്രിക്കയിലുമാണ് കാണപ്പെടുന്നത്. വളരെ വലിപ്പമുള്ള ശരീരത്തിനുടമകളാണിവ. സസ്യഭുക്കുകളായ ഇവയ്ക്ക് ഒരു ടണ്ണിലേറെ ഭാരമുണ്ടാകും. ആന കഴിഞ്ഞാല്‍ കരയിലെ ഏറ്റവും വലിയ സസ്തനിയാണിവ. ഇവയുടെ ശരാശരി ആയുസ്സ് 60 വര്‍ഷമാണ്. പതിനാറ് മാസമാണ് ഗര്‍ഭകാലം. ഒരു പ്രസവത്തില്‍ ഒറ്റ കുട്ടിയാണുണ്ടാവുക. അമ്മയെയും കുഞ്ഞിനെയും എപ്പോഴും ഒരുമിച്ചാണ് കാണുക.
ഇന്ത്യയിലും ജാവയിലും കാണുന്ന കാണ്ടാമൃഗങ്ങള്‍ക്ക് ഒറ്റക്കൊമ്പും ആഫ്രിക്കന്‍ ഇനങ്ങള്‍ക്ക് രണ്ട് കൊമ്പും കാണപ്പെടുന്നു. കൊമ്പുകള്‍ക്കു വേണ്ടി ഇവയെ വേട്ടയാടാറുണ്ട്. കാണ്ടാമൃഗത്തിന്റെ മൂന്നിനങ്ങള്‍ വംശനാശഭീഷണി നേരിടുന്നവയാണ്. ഐ. യു. സി. എന്‍ ഇവയെ ചുവന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇന്ത്യയില്‍ അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ ഇന്ത്യന്‍ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നു.