കയ്യോന്നി

0
1197

Tess J S
ആസ്റ്ററേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന കയ്യോന്നി ഏകവര്‍ഷിയായ ചെടിയാണ്. ഫാള്‍സ് ഡെയ്‌സി എന്നതാണ് ഇവയുടെ ഇംഗ്ലീഷ് നാമം. ഭൃംഗരാജ എന്നപേരിലും കയ്യോന്നി അറിയപ്പെടാറുണ്ട്. ഈര്‍പ്പമുള്ള മണ്ണിലാണ് ഇവ തഴച്ചു വളരുന്നത്. ഇന്ത്യ, ബ്രസീല്‍, ചൈന, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ വ്യാപകമായി കാണപ്പെടുന്നു.
ആയുര്‍വേദത്തിലെ ദശപുഷ്പങ്ങളിലൊന്നായ ഇവയ്ക്ക് നാട്ടുവൈദ്യത്തിലും ആയുര്‍വവേദചികിത്സകളിലും വളരെയേറെ പ്രാധാന്യമുണ്ട്. മൂന്ന് തരത്തിലുള്ള കയ്യോന്നി ചെടികളാണുള്ളത്. ഇവയുടെ പൂക്കളുടെ നിറത്തെ അടിസ്ഥാനമാക്കി ശ്വേത ബൃംഗരാജ, പീത ബൃംഗരാജ, നീലി ബൃംഗരാജ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. വെള്ള നിറത്തില്‍ പൂക്കളുള്ളവ ശ്വേത ബൃംഗരാജ എന്നും, മഞ്ഞ നിറത്തിലുള്ള പൂക്കളുള്ളവയെ പീത ബൃംഗരാജ എന്നും, നീലനിറത്തില്‍ പൂക്കള്‍ കാണപ്പെടുന്നവയെ നീലി ബൃംഗരാജ എന്നും അറിയപ്പെടുന്നു.
കയ്യോന്നിയുടെ ഇലയില്‍ അടങ്ങിയിരിക്കുന്ന എക്ലിപ്‌റ്റൈന്‍ എന്ന ക്ഷാരഗുണമുള്ള പദാര്‍ത്ഥം മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നു. അതിനാല്‍ മുടിയുടെ ആവശ്യത്തിനായി കാച്ചുന്ന എണ്ണയില്‍ നിന്ന് ഇവയെ ഒഴിവാക്കാറില്ല. കൂടാതെ നാരസിംഹരസായനം പേലെയുള്ള അകമേ കഴിക്കാവുന്ന ആയുര്‍വേദ മരുന്നുകളിലും ഇവ അടങ്ങിയിരിക്കുന്നു. കരള്‍ രോഗങ്ങളെ ശമിപ്പിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ടെന്ന് കരുതുന്നു. വിത്ത് മുളച്ചുണ്ടാകുന്ന തൈകളാണ് നടാനായി ഉപയോഗിക്കുന്നത്. രക്തപിത്തം മാറുന്നതിനായി ചരകന്‍ കയ്യോന്നിയെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here