Tess J S
മണ്ണിരയുമായി വളരെയടുത്ത് സാമ്യമുള്ള കുളയട്ടകള്‍ ഫൈലം അനലിഡയില്‍ ഉള്‍പ്പെടുന്നു. ലീച്ച് എന്ന ഇംഗ്ലീഷ് വിളിപ്പേരില്‍ അറിയപ്പെടുന്ന ഇവ കാഴ്ച്ചയില്‍ ഒരു പുഴുവിനെപ്പോലെയാണ്. കാടുകളിലും ചതുപ്പ് നിലങ്ങളിലും കാണപ്പെടുന്ന ഇവ ജന്തുക്കളുടെ ശരീരത്തല്‍ പറ്റിപിടിച്ചിരുന്ന് രക്തം അകത്താക്കുന്ന എക്‌ടോപാരസൈറ്റുകളാണ്.
ലോകത്തിലാകമാനം മുന്നൂറില്‍പരം കുളയട്ടകളുണ്ടെന്ന് കരുതപ്പെടുന്നു. കരയിലും, ശുദ്ധജലത്തിലും, കടലിലും ജീവിക്കുന്ന വിവിധതരം കുളയട്ടകളുണ്ട്. 15 സെ. മീ വരെയാണ് കുളയട്ടകള്‍ സാധാരണയായി വളരുക.
ഇന്ത്യയില്‍ കാണപ്പെടുന്ന നാലിനം കുളയട്ടകളില്‍ ഔഷധഗുണമുള്ള ഇനമാണ് ഹിറുഡോ മെഡിസിനാലിസ്. മനുഷ്യശരീരത്തിലെ ദുഷിച്ച രക്തത്തെ നീക്കം ചെയ്യാന്‍ ഇവയെ ഉപയോഗിക്കുന്നു. പണ്ടുകാലങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഇവയെ ഇന്ന് വിരളമായേ ഉപയോഗിക്കുന്നുള്ളൂ.
ഒരു കുളയട്ടയുടെ ശരീരത്തില്‍ തന്നെ രണ്ട്തരം ലിംഗകോശങ്ങള്‍ ഉണ്ടെങ്കിലും, ഇണ ചേര്‍ന്ന് പുതിയ തലമുറയക്ക് ജന്മം നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. കുളയട്ടകളെ ഉപയോഗിച്ചുള്ള ചികിത്സാരീതി ലീച്ചിംഗ് എന്നറിയപ്പെടുന്നു.