Tess J S
ക്ലിറോഡെന്‍ഡ്രം പാനികുലേറ്റം എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന കൃഷ്ണകിരീടം ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെടിയാണ്. ഇവ വെര്‍ബനേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. ഹനുമാന്‍ കിരീടം, രാജകിരീടം, കാവടിപ്പൂവ്, കൃഷ്ണമുടി എന്നിങ്ങനെ നിരവധി പേരുകള്‍ ഇവയ്ക്കുണ്ട്. ഇംഗ്ലീഷില്‍ ഇവയെ പഗോഡ പ്ലാന്റ് എന്നറിയപ്പെടുന്നു. ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറത്തോട് കൂടിയ ഇവയുടെ പൂക്കള്‍ ഒത്തുചേര്‍ന്ന് വലിയ പൂങ്കുലയായി മാറുന്നു. ഇത്തരത്തില്‍ വളരുന്ന പൂങ്കുലയക്ക് 45 സെന്റീമീറ്ററോളം ഉയരം ഉണ്ടാകാറുണ്ട്. കേരളത്തില്‍, തൃക്കാക്കരയപ്പനെ അലങ്കരിക്കാനും, ഓണത്തിന് പൂക്കളമൊരുക്കാനും ഇവയുടെ പൂക്കള്‍ ഉപയോഗിക്കുന്നു. കൃഷ്ണന്റെ കിരീടത്തോട് സാമ്യമുള്ളതിനാലാണ് ഇവയ്ക്ക് കൃഷ്ണകിരീടം എന്ന പേര് ലഭിച്ചത്. വഴിയോരങ്ങളിലും, കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങളിലുമാണ് ഇവ സമൃദ്ധമായി വളരുന്നത്. ഇന്ന് നാട്ടിന്‍ പുറങ്ങളില്‍ നിന്നുപോലും ഇവ അപ്രത്യക്ഷമായിക്കഴിഞ്ഞു. ചൂടുള്ളതും, ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയില്‍ വരുന്ന ഇവ ഋതുഭേതമന്യേ പുഷ്പിക്കുന്ന ചെടിയാണ്.
1767 ല്‍ ആധുനിക ജൈവശാസ്ത്ര നാമകരണത്തിന്റെ പിതാവായ കാള്‍ ലിനെയസ്സ് ആണ് ഈ സസ്യത്തെക്കുറിച്ച് ആദ്യമായി വിവരിക്കുന്നത്. ഏഷ്യന്‍ ഭൂഖണ്ഡത്തിലാണ് ഇവയെ കാണപ്പെടുന്നത്. ചിത്രശലഭങ്ങള്‍ വഴിയാണ് പ്രധാനമായും ഈ ചെടിയില്‍ പരാഗണം നടക്കുന്നത്.