കൈലാഷ് സാംഖല

Arya A J
‘ഇന്ത്യയുടെ കടുവ മനുഷ്യന്‍’ എന്ന പേരില്‍ പ്രസിദ്ധനായ വ്യക്തിയാണ് കൈലാഷ് സാംഖല. പ്രകൃതി സ്‌നേഹിയും പരിസ്ഥിതി സംരക്ഷകനുമായ അദ്ദേഹം, മൃഗപരിപാലന രംഗത്ത് നല്‍കിയ സംഭാവനകളിലൂടെയാണ് ലോക ശ്രദ്ധ കൈവരിക്കുന്നത്.

1925 ജനുവരി 30 ന് രാജസ്ഥാനിലെ ജോധ്പൂരില്‍ ജനിച്ച കൈലാഷ് സാംഖല, തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും കടുവ സംരക്ഷണത്തിനായി വിനിയോഗിച്ചു. 1950 കളില്‍, വേട്ടയാടല്‍ കാരണം ഇന്ത്യയില്‍ കടുവകളുടെ സംഖ്യയില്‍ ഗണ്യമായ കുറവുണ്ടായപ്പോള്‍, ഈ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച അദ്ദേഹം, 1956കളില്‍ പൂര്‍ണമായും കടുവ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. സരിസ്‌ക, ഭരത്പൂര്‍, ബന്‍വിഹാര്‍, രതംബൂര്‍ തുടങ്ങിയ വന്യജീവി സങ്കേതങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു. 1965ല്‍ ഡല്‍ഹി മൃഗശാലയുടെ ഡൈറക്ടറായി നിയമിതനാകുകയും തുടര്‍ന്നുള്ള 5 വര്‍ഷം അവിടെ സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഈ കാലയളവില്‍ പ്രകൃതിസംരക്ഷണത്തെ മുന്‍നിര്‍ത്തി അദ്ദേഹം എടുത്ത കടുത്ത നിലപാടുകള്‍, ഇന്ത്യന്‍ ടൂറിസ്റ്റ് എസ്റ്റാബ്ലിഷ്‌മെന്റ്‌സുമായും നിരവധി വേട്ടക്കാരുമായുള്ള അസ്വാരസ്യങ്ങള്‍ക്കു വഴിതെളിച്ചു. ഇതെ തുടര്‍ന്ന് വധഭീഷണിയുള്‍പ്പടെ ധാരാളം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നുവെങ്കിലും അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറിയില്ല; സധൈര്യം മുന്നോട്ടു പോകുക തന്നെ ചെയ്തു.
1969ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ഫെല്ലോഷിപ്പ് നേടിയ സാംഖല ഇന്ത്യയിലെ കടുവകളുടെ ജനസംഖ്യയാ വ്യതിയാനങ്ങളെക്കുറിച്ച് പഠനം നടത്തുകയുണ്ടായി. ഇതിലൂടെ കടവുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന കുറവിനെക്കുറിച്ച് സമൂഹത്തെ ബോധവത്ക്കരിക്കാന്‍ ശ്രമിച്ചു. 1973ല്‍ ‘പ്രോജക്ട് ടൈഗറിന്റെ’ ഡൈറക്ടറായി സംഖല നിയമിതനായി. ഇന്ത്യയിലെ കടുവകളെ വംശനാശത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയെന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. തുടര്‍ന്ന്, 1989ല്‍ അദ്ദേഹം ടൈഗര്‍ ട്രസ്റ്റ് രൂപീകരിച്ചു.
പ്രകൃതിയേയും വന്യജീവികളെയും വളരെയധികം സ്‌നേഹിച്ചിരുന്ന സാംഖല, അവയെ സംബന്ധിച്ച് നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ‘വൈള്‍ഡ് ബ്യൂട്ടി: എ സ്റ്റഡി ഓഫ് ഇന്ത്യന്‍ വൈള്‍ഡ് ലൈഫ്’ (1973), ‘ടൈഗര്‍ ലാന്റ്’ (1975), ‘ഗാര്‍ഡന്‍സ് ഓഫ് ഗോഡ്’ (1990), ‘റിട്ടേണ്‍ ഓഫ് ദ ടൈഗര്‍’ (1993), ‘സ്വരാജ് ചൗഹാന്‍’ (1997) തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികളാണ്.
മൃഗപരിപാലന രംഗത്ത് നല്‍കിയ അതുല്യ സംഭാവനകളുടെ പേരില്‍ നിരവധി പുരസ്‌കാരങ്ങള്‍ സാംഖലയെ തേടിയെത്തിയിട്ടുണ്ട്. 1965ല്‍ രാജസ്ഥാന്‍ ഗവണ്‍മെന്റിന്റെ മെറിറ്റ് അവാര്‍ഡിന് അദ്ദേഹം അര്‍ഹനായി. 1992ല്‍ പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
മൃഗങ്ങള്‍ക്കായി ജീവിതം ഒഴിഞ്ഞുവച്ച ഇന്ത്യയുടെ ഈ കടുവ മനുഷ്യന്‍, 1994 ആഗസ്റ്റ് 15ന് ജയ്പ്പൂരില്‍ മരണം വരിച്ചു. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം പരിസ്ഥിതിവന വകുപ്പ് എല്ലാ രണ്ട് വര്‍ഷം കൂടുമ്പോഴും ‘കൈലാഷ് സാംഖല ഫെല്ലോഷിപ്പ്’ നല്‍കി വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here