Arya A J
‘ഇന്ദുചൂഡന്‍’ എന്ന തൂലികാനാമത്താല്‍ മലയാളി വായനക്കാരുടെ ഹൃദയത്തില്‍ ഇടം നേടിയ പ്രശസ്ത പക്ഷി നിരീക്ഷകനാണ് കെ.കെ.നീലകണ്ഠന്‍. ‘കേരളത്തിലെ പക്ഷികള്‍’ എന്ന ഒറ്റ ഗ്രന്ഥത്തിലൂടെ അദ്ദേഹം വായനക്കാരുടെ ഹൃദയം കീഴടക്കി.
1923ല്‍ കേരളത്തിലെ പാലക്കാട് ജില്ലയിലെ കാവശ്ശേരിയിലാണ് കെ.കെ.നീലകണ്ഠന്റെ ജനനം. ചിത്രദുര്‍ഗ്ഗയിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. ശേഷം, മലബാറിലെ അഞ്ച് വിദ്യാലയങ്ങളിലായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. ഇന്റര്‍മീഡിയറ്റിനായി കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പ്രവേശിച്ചു. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കരസ്ഥമാക്കി. തുടര്‍ന്ന്, 1944ല്‍ അധ്യാപന രംഗത്തേക്ക് ചുവടുവച്ചു കൊണ്ട് തന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചു. മധുരയിലെ അമേരിക്കന്‍ കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, ലയോള കോളേജ്, തിരുവനന്തപുരം വിമന്‍സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് അധ്യാപകനായി സേവനം അനുഷ്ഠിച്ചു.
ബാല്യകാലം മുതല്‍ക്കുതന്നെ പക്ഷികളെയും പരിസ്ഥിതിയെയും സ്‌നേഹിച്ചിരുന്ന നീലകണ്ഠന്‍, ജീവിതത്തിലുടനീളം തന്റെ താത്പര്യങ്ങളെ പരിപോഷിപ്പിച്ചു കൊണ്ടിരുന്നു. 1949ല്‍ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ പെലിക്കന്‍ സങ്കേതം കണ്ടെത്തി. കിഴക്കേ ഗോദാവരി ജില്ലയിലെ തടെപ്പളളിഗുഡത്തില്‍ നിന്ന് 13 മൈല്‍ അകലെയായിരുന്നു ആ സങ്കേതം. ഈ കണ്ടെത്തല്‍ 1949ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
ജനഹൃദയങ്ങളെ സ്പര്‍ശിച്ചു. നീണ്ട കാലത്തെ പക്ഷി നിരീക്ഷണത്തിനൊടുവില്‍ നീലകണ്ഠന്‍ രചിച്ച പുസ്തകമാണ് 1958ല്‍ പ്രസിദ്ധീകൃതമായ ‘കേരളത്തിലെ പക്ഷികള്‍’. ഇതില്‍ 150ഓളം പക്ഷികളെ കുറിച്ചുള്ള വിവരണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1981ല്‍ ഇതിന്റെ രണ്ടാം പതിപ്പും 1996ല്‍ മൂന്നാം പതിപ്പും 2017ല്‍ നാലാം പതിപ്പും പുറത്തിറങ്ങി. കൂടാതെ ‘പുല്ലു തൊട്ട് പൂനാര വരെ’ എന്ന അദ്ദേഹത്തിന്റെ ലേഖനസമാഹാരവും ഏറെ ശ്രദ്ധേയമായിരുന്നു. പരിസ്ഥിതി, പക്ഷികള്‍, പക്ഷിനിരീക്ഷണം എന്നിവയെ അടിസ്ഥാനപ്പെടുത്തി രചിക്കപ്പെട്ട ഈ ഗ്രന്ഥം, കേരള സാഹിത്യ അക്കാദമിയുടെ ഐ.സി.ചാക്കോ പുരസ്‌കാരത്തിനു അര്‍ഹമായി. കുട്ടികളില്‍ പക്ഷി നിരീക്ഷണതാത്പര്യം വളര്‍ത്തുന്നതിലേയ്ക്കായി നീലകണ്ഠന്‍ രചിച്ച ഗ്രന്ഥമാണ് ‘പക്ഷികളും മനുഷ്യനും’. ഇവയെല്ലാം തന്നെ ഒരു സാഹിത്യകാരന്‍ എന്ന നിലയിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തി.
പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കിയിരുന്ന നീലകണ്ഠന്‍, പ്രകൃതിസംരക്ഷണ സമിതിയുടെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1979ല്‍ നടന്ന സൈലന്റ് വാലി പ്രക്ഷോഭത്തിലും നിറസാന്നിധ്യമായിരുന്നു. കേരള നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇങ്ങനെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഈ പ്രകൃതി സ്‌നേഹി, 1992 ജൂണ്‍ 14ന് തന്റെ 69ാം വയസ്സില്‍ ഈ ലോകത്തോട് വിട പറഞ്ഞു.