Arya A J
പ്രകൃതി ശാസ്ത്രജ്ഞന്‍, ടെലിവിഷന്‍ അവതാരകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ ലോക ശ്രദ്ധയാകര്‍ഷിച്ച വ്യക്തിയാണ് ഇംഗ്ലീഷുകാരനായ ടെറി നട്കിന്‍സ്. കറയറ്റ ഒരു പ്രകൃതി സ്‌നേഹിയായിരുന്ന അദ്ദേഹം ‘അനിമല്‍ മാജിക്’, ‘ബ്രില്ലിയന്റ് ക്രീച്ചേഴ്‌സ്’ തുടങ്ങി നിരവധി ടെലിവിഷന്‍ പരിപാടികളില്‍ നിറസാന്നിധ്യമായിരുന്നു.
1946 ആഗസ്റ്റ് 12ന് ലണ്ടനിലാണ് ടെറന്‍സ് പോള്‍ നട്കിന്‍സ് ജനിച്ചത്. കുട്ടിക്കാലം മുതല്‍ക്കു തന്നെ മൃഗങ്ങളെ ഇഷ്ടപ്പെട്ടിരുന്ന ടെറി, ലണ്ടന്‍ മൃഗശാലയിലെ ആനകളുമായി സമയം ചെലവഴിക്കാന്‍ വേണ്ടി തന്റെ സ്‌കൂള്‍ പഠനം പോലും ഉപേക്ഷിച്ചു. 12ാം വയസ്സില്‍ അദ്ദേഹം പ്രശസ്ത പ്രകൃതി ശാസ്ത്രജ്ഞന്‍ ഗാവിന്‍ മാക്‌സ്വെല്ലിന്റെ സഹായിയായി ജോലിയില്‍ പ്രവേശിച്ചു. ഇരുവരും തമ്മിലുള്ള സുഹൃത്ബന്ധം വളരാന്‍ അധികകാലം വേണ്ടി വന്നില്ല. മാത്രവുമല്ല, മാക്‌സ്വെല്‍ ടെറിയുടെ രക്ഷകര്‍ത്താവായി മാറുകയും ചെയ്തു. ഈ കാലയളവില്‍ മാക്‌സ്വെല്‍ രചിച്ച ‘റിംഗ് ഓഫ് െ്രെബറ്റ് വാട്ടര്‍’ (1960) എന്ന ഗ്രന്ഥം ഏറെ പ്രസിദ്ധി കൈവരിക്കുകയുണ്ടായി.
15ാം വയസ്സില്‍ ‘എഡല്‍’ എന്നു പേരുള്ള നീര്‍നായയുടെ ആക്രമണത്തിനിരയായ ടെറിയ്ക്ക്, തന്റെ ഇരു കരങ്ങളിലെയും മധ്യ വിരലുകളില്‍ ഗുരുതരമായി പരിക്കേറ്റു. എങ്കിലും അദ്ദേഹത്തിന്റെ ഊര്‍ജ്ജസ്വലതയ്ക്ക് യാതൊരു കുറവും സംഭവിച്ചില്ല. 1980കളില്‍ ടെറി ടെലിവിഷന്‍ രംഗത്തേക്ക് ചേക്കേറി. ബി.ബി.സി. യുടെ കുട്ടികള്‍ക്കായുള്ള ടെലിവിഷന്‍ സീരീസായ ‘അനിമല്‍ മാജിക്കില്‍’, ജോണി മോരിസിനൊപ്പം അവതാരകനായി പ്രവര്‍ത്തിച്ചു. മോരിസ് തന്റെ ജീവിതത്തിലെ രണ്ടാമത്തെ മാര്‍ഗദര്‍ശിയാണെന്ന് അദ്ദേഹം പലപ്പോഴും അഭിപ്രായപ്പെടുകയുണ്ടായി.
1983ല്‍ അനിമല്‍ മാജിക് പരമ്പര അവസാനിച്ചതോടെ ടെറി മറ്റു പരിപാടികളിലേക്ക് തിരിഞ്ഞു. ‘ദ റിയലി വൈള്‍ഡ് ഷോ’ (1986), ‘ഐ ആം ഫേമസ് ആന്‍ഡ് െ്രെഫറ്റണ്‍ഡ്’ (2004), ‘മൈ ലൈഫ് ആസ് ആന്‍ അനിമല്‍’ (2009) തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഒരു എഴുത്തുകാരന്‍ കൂടിയായ ടെറിയുടെ പ്രശസ്ത ഗ്രന്ഥമാണ് 1989ല്‍ പ്രസിദ്ധീകരിച്ച ‘പെറ്റ്‌സ്:ഫാക്ട് ഫൈന്‍ണ്ടേഴ്‌സ്’.
പ്രേക്ഷക ഹൃദയങ്ങളെ തന്റെ അവതരണ മികവ് കൊണ്ട് സ്വാധീനിച്ച ടെറി നട്കിന്‍സ്, 2011 സെപ്റ്റംബര്‍ 6ന് തന്റെ 66ാം വയസ്സില്‍ രക്താര്‍ബുദത്തെ തുടര്‍ന്ന് അന്തരിച്ചു.