Tess J S
ഒരു ചെറിയ ചക്കപ്പഴത്തിനോട് സാമ്യതയുള്ള ഇവയെ സ്വര്‍ഗത്തേപ്പോലെ സ്വാദിഷ്ഠവും, നരഗത്തേപ്പോലെ ഗന്ധവുമുള്ളതെന്നാണ് അറിയപ്പെടുന്നത്. കട്ടിയുള്ള മുള്ള് എന്നര്‍ത്ഥം വരുന്ന ഡുരിയോ എന്ന മലയ് പദത്തില്‍ നിന്നാണ് ഇവയ്ക്ക് ദുരിയാന്‍ എന്ന പേര് ലഭിച്ചത്. മാല്‍വേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവയുടെ ശാസ്ത്രീയനാമം ദുരിയോ സിബെത്തിനസ് എന്നതാണ്. ദക്ഷിണപൂര്‍വേഷ്യയില്‍ ഇവയെ പഴങ്ങളുടെ രാജാവ് എന്നും അറിയപ്പെടാറുണ്ട്.
അറുപത് അടിയിലധികം ഉയരത്തില്‍ വളരുന്ന വൃക്ഷമാണിവ. ശാഖകളില്‍ നിന്ന് കുലകളായി വളരുന്ന ഇവയുടെ ഫലത്തിന്‍ മൂന്നു കിലോയോളം ഭാരം ഉണ്ടാകും. ഫലത്തിനുള്ളിലെ മാംസളമായ ഭാഗത്തിന് മഞ്ഞ നിറമാണ്. സ്വാദിഷ്ഠമായ ഫലമാണെങ്കിലും ഇവയുടെ രൂക്ഷഗന്ധം പലരേയും ദുരിയാന്‍ പഴത്തില്‍ നിന്നകറ്റുന്നു. ദ്വിലിംഗപുഷ്പമായ ഇവയുടെ പൂക്കള്‍ വെള്ള നിറത്തിലോ, ഇളം റോസ് നിറത്തിലോ കാണപ്പെടന്നു.
ട്രിഫ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് ധാരാളമായി ഇവയില്‍ അടങ്ങിയിട്ടുണ്ട്. വിഷാദം, ഉറക്കമില്ലായ്മ എന്നിവയ്ക്കുള്ള ഫലപ്രദമായ മരുന്നാണ് ദുരിയാന്‍. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ഈ പഴത്തിന് കഴിവുണ്ട്.