Tess J S
രണ്ടര മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന കുറ്റിച്ചെടിയാണ് നന്ദ്യാര്‍വട്ടം. അപോസിനേസ്യെ സസ്യകുടുംബത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാലായിരത്തിയറുന്നൂറില്‍ പരം സസ്യങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബമാണ് അപോസിനേസ്യെ. വൃക്ഷങ്ങളും, കുറ്റിച്ചെടികളും, പുല്ല് വര്‍ഗ്ഗത്തില്‍ പെട്ട സസ്യങ്ങളും, ഇവയില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യയില്‍ സുലഭമായി വളരുന്ന ഇവയുടെ ജന്മദേശവും ഇന്ത്യയാണ്. സപുഷ്പികളായ ഇവയുടെ പൂക്കള്‍ വെള്ള നിറത്തില്‍ ചെറിയ കുലകളായി കാണപ്പെടുന്നു. ചെടി നട്ട് ഒരു വര്‍ഷം ആകുന്നതോടെ പുഷ്പിക്കാന്‍ തുടങ്ങുന്നു. രാത്രികാലങ്ങളിലാണ് ഇവയുടെ പൂക്കള്‍ വിരിയുന്നത്. അലങ്കാര സസ്യം എന്നതിലുപരി ഔഷധ സസ്യം കൂടിയാണ് ഇവ. ഇവയുടെ വേരിലും, തൊലിയിലും അടങ്ങിയിരിക്കുന്ന ടാര്‍ബനേ മൊണ്ടാനിന്‍ എന്ന ആല്‍ക്കലോയിഡ് ചര്‍മ്മരോഗങ്ങള്‍ക്ക് ഫലപ്രദമായ ഔഷധമാണ്.