Tess J S
ജലാശയങ്ങളില്‍ സാധാരണ കണ്ടുവരുന്ന പക്ഷിയാണ് നീര്‍ക്കാക്കകള്‍. മത്സ്യം പ്രധാനാഹാരമായ ഇവ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്ന കാഴ്ച്ച വളരെ രസകരമാണ്. ജലാശയങ്ങളിലൂടെ അതിവേഗം നീങ്ങാന്‍ സാഹായിക്കുന്ന ശരീരഘടനയാണ് ഇവയ്ക്കുള്ളത്. മിനിറ്റുകളോളം ഇവയ്ക്ക് വെള്ളത്തില്‍ നീന്താന്‍ കഴിയും. കാക്കകളെപ്പോലെ കറുത്തിരുണ്ട ശരീരമാണ് ഇവയ്ക്കുള്ളത്. ജൂണ്‍ ജൂലൈ മാസങ്ങളില്‍ കൂടൊരുക്കുന്ന ഇവ കേരളത്തിലെ നൂറനാട് പക്ഷിസങ്കേതത്തില്‍ കൂട്ടമായി എത്താറുണ്ട്. നാല് വരെ മുട്ടകളാണ് ഒരു തവണയുണ്ടാവുക. കാക്കകളും, പരുന്തുകളും ഇവയുടെ പ്രധാന ശത്രുക്കളാണ്. തരം കിട്ടിയാല്‍ മുട്ടകള്‍ നശിപ്പിക്കുകയും കുഞ്ഞുങ്ങളെ ഭക്ഷിക്കുകയും ഇവര്‍ ചെയ്യാറുണ്ട്. ഉയര്‍ന്നു വളരുന്ന മരങ്ങളുടെ ചില്ലകളാണ് കൂടൊരുക്കത്തിനായി ഇവ തിരഞ്ഞെടുക്കുക. വര്‍ഷം മുഴുവന്‍ ഒരേ സ്ഥലത്ത് ജീവിക്കാനിഷ്ടപ്പെടാത്ത ഇവ ആഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളില്‍ പുതിയ വാസസ്ഥലം തേടിപ്പോകാറുണ്ട്. കൂട്ടത്തോടെയാണ് ഇവര്‍ മരങ്ങളില്‍ താമസിക്കുന്നത്. ഒരു മരത്തിലെ അനുയോജ്യമായ ചില്ലകളില്‍ അഞ്ചു വരെ നീര്‍ക്കാക്കകള്‍ കൂടൊരുക്കാറുണ്ട്. ശരീരഭാരം കൂടുതലുള്ള ഇവയുടെ കുഞ്ഞുങ്ങള്‍ കൂട്ടില്‍ നിന്നും താഴെ വീണു ചാകുക പതിവാണ്.
കേരളത്തില്‍ പ്രധാനമായും മൂന്നിനം നീര്‍ക്കാക്കകള്‍ കാണപ്പെടുന്നു. ചെറയ നീര്‍ക്കാക്ക, വലിയ നീര്‍ക്കാക്ക, കിന്നരി നീര്‍കാക്ക എന്നിവയാണ് മൂന്നിനങ്ങള്‍. കാക്കത്താറാവ് എന്ന വിളിപ്പേരില്‍ ചെറിയ നീര്‍ക്കാക്കകള്‍ അറിയപ്പെടുന്നു. വലിപ്പമുള്ള പക്ഷിയായ വലിയ നീര്‍ക്കാക്കയുടെ ശരാശരി ഭാരം 5 കിലോഗ്രാം വരെയാണ്. ഉള്‍നാടന്‍ ജലാശയങ്ങളില്‍ കണ്ടുവരുന്ന നീര്‍ക്കാക്കയാണ് കിന്നരി നീര്‍ക്കാക്ക. ഇവയില്‍ പൂവനും പിടയും കാഴ്ച്ചയില്‍ ഒരു പോലെയാണ്.