Tess J S
നാനൂറിലധികം ഇനങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന ഫല വൃക്ഷമാണ് മാവ്. ഇവയുടെ ജന്മദേശം ദക്ഷിണേഷ്യയാണെന്ന് കരുതപ്പെടുന്നു. ഫലങ്ങളുടെ രാജാവായ മാമ്പഴം ഇന്ത്യയുടെ ദേശീയ ഫലം കൂടിയാണ്. നൂറിലധികം മാമ്പഴ ഇനങ്ങള്‍ ഇന്ത്യയില്‍ കാണപ്പെടുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാമ്പഴം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ആന്ധ്രാപ്രദേശാണ്.
പത്ത് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന നിത്യഹരിത വൃക്ഷമാണ് ഇവ. ഇവയുടെ പൂക്കള്‍ക്ക് വെള്ള നിറമാണ്. കായ്കള്‍ പഴുക്കുമ്പോള്‍ ഇളം മഞ്ഞയും ചുവപ്പും കലര്‍ന്ന നിറമായി മാറുന്നു. ദ്വിലിംഗ പുഷ്പങ്ങളെയും, ആണ്‍ പുഷ്പങ്ങളെയും ഒരു മരത്തില്‍ തന്നെ കാണാം. മാവുകള്‍ പൂക്കുന്ന സമയത്ത് മഴയുണ്ടായാല്‍ ഇവയുടെ പൂക്കള്‍ പൊഴിഞ്ഞുപോകുന്നു എന്നതിനാല്‍ വരണ്ട കാലാവസ്ഥയില്‍ പൂവിടുന്ന മാവുകളാണ് കൂടുതല്‍ ഫലം തരുന്നത്. മൂവാണ്ടനും, കിളിച്ചുണ്ടനും, നാട്ടുമാവും കേരളത്തില്‍ കണ്ടുവരുന്ന പ്രധാനയിനങ്ങളാണ്.