Tess J S
ബുസെറോറ്റിഡെ കുടുംബത്തില്‍ ഉള്‍പ്പെടുന്ന വേഴാമ്പലുകളെ ഏഷ്യയിലും, ആഫ്രിക്കന്‍ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപോഷ്ണമേഖലാ പ്രദേശങ്ങളിലും കാണപ്പെടുന്നു. ഒമ്പത് ഇനം വേഴാമ്പലുകളാണ് ഇന്ത്യയിലുള്ളത്. അതില്‍ നാലിനങ്ങള്‍ പശ്ചിമഘട്ടമലനിരകളില്‍ കാണപ്പെടുന്നു. മലമുഴക്കി വേഴാമ്പല്‍ (ദ് ഗ്രേറ്റ് ഹോണ്‍ബില്‍), പാണ്ടന്‍ വേഴാമ്പല്‍ (മലബാര്‍ പൈഡ് ഹോണ്‍ബില്‍), കോഴിവേഴാമ്പല്‍ (മലബാര്‍ ഗ്രേ ഹോണ്‍ബില്‍), നാട്ടുവേഴാമ്പല്‍ (കോമ്മണ്‍ ഗ്രേ ഹോണ്‍ബില്‍) എന്നീ നാലിനങ്ങളെയാണ് പശ്ചിമഘട്ടത്തില്‍ കാണാനാവുക.
കേരളത്തിന്റെ ഔദ്യോഗിക പക്ഷിയാണ് മലമുഴക്കി വേഴാമ്പല്‍. വര്‍ണശബളമായ ചിറകുകളടിച്ച് മലമുഴക്കത്തോടെ പറക്കുന്നതിനാലാണ് ഇവയ്ക്ക് മലമുഴക്കി വേഴാമ്പല്‍ എന്ന പേര് ലഭിച്ചത്. നിത്യഹരിതവനങ്ങളില്‍ വിരസതയില്ലാതെ പറക്കുന്ന ഇവയെ തിരിച്ചറിയുക എളുപ്പമാണ്. ശരീരം കറുപ്പും വെളുപ്പും മഞ്ഞയും നിറങ്ങളാല്‍ മനോഹരമാണ്. ബുസേറോസ് ബിക്കോര്‍ണിസ് എന്നതാണ് ഇവയുടെ ശാസ്ത്രീയ നാമം. നാല് കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന ഇവയുടെ ചിറകുകള്‍ ഏകദേശം 150 സെന്റീമീറ്റര്‍ നീളത്തില്‍ കാണപ്പെടുന്നു. ഈ പക്ഷിയുടെ ശരാശരി ആയുസ്സ് അമ്പത് വര്‍ഷമാണ്. ഏറ്റവും ഉയരം കൂടിയ മരത്തിന്റെ പോടുകളാണ് കൂടൊരുക്കുവാനായി ഇവ തിരഞ്ഞെടുക്കുക. പെണ്‍പക്ഷി മുട്ടയിടുവാനായി കൂട്ടില്‍ കയറിയാല്‍ കുഞ്ഞുങ്ങള്‍ മുട്ടവിരിഞ്ഞ് പറക്കാനായാല്‍ മാത്രമെ ഇവ പുറത്തിറങ്ങുകയുള്ളൂ. പെണ്‍പക്ഷിക്കും കുഞ്ഞുങ്ങള്‍ക്കും തീറ്റയെത്തിക്കേണ്ട ചുമതല ആണ്‍പക്ഷികള്‍ക്കാണ്. കുടുംബജീവിതത്തിന് വളരെയധികം പ്രാധാന്യം കല്പ്പിക്കുന്നവരാണ് ഇക്കൂട്ടര്‍. ആഹാരവുമായി ആണ്‍പക്ഷിക്കെത്താന്‍ കഴിയാതിരുന്നാല്‍ വേഴാമ്പല്‍ കുടുംബം ഒന്നാകെ വിശന്നു മരിക്കുകയാണ് ഉണ്ടാവുക. 22 ആഴ്ച്ച വരെയാണ് പ്രജനനകാലം. ഇന്ത്യന്‍ മഴക്കാടുകളിലും ഇന്തോനേഷ്യ, സുമാത്ര എന്നിവിടങ്ങളിലുമാണ് ഇവയെ കാണപ്പെടുന്നത്. കേരളത്തില്‍ ആതിരപ്പള്ളി, വാഴച്ചാല്‍, ചെന്തുരുണി വനമേഖലകള്‍ എന്നിവിടങ്ങളിലും ഇവയുടെ ശക്തമായ സാമീപ്യമുണ്ട്. പഴങ്ങള്‍, പ്രാണികള്‍ എന്നിവയാണ് ഇവയുടെ ഭക്ഷണം. ശരീരപ്രകൃതിയില്‍ ആണ്‍വേഴാമ്പലുകളെക്കാള്‍ വലിപ്പം കുറഞ്ഞവരാണ് പെണ്‍വേഴാമ്പലുകള്‍. ആണ്‍വേഴാമ്പലുകള്‍ക്ക് ചുവന്ന കണ്ണുകളും പെണ്‍വേഴാമ്പലുകള്‍ക്ക് ഇളം നീല കലര്‍ന്ന കണ്ണുകളുമാണുള്ളത്. വംശനാശഭീഷണിയുടെ വക്കിലെത്തി നില്‍ക്കുന്ന പക്ഷിവര്‍ഗ്ഗമാണ് ഇവ. ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കടന്നു കയറ്റമാണ് പ്രധാന കാരണം.
ആന്ത്രാകൊസേറോസ് കൊറോണട്ടസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന പാണ്ടന്‍ വേഴാമ്പലുകള്‍ ശ്രീലങ്കയിലും ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളിലും കാണപ്പെടുന്നു. കഴുത്തിന് കറുപ്പ് നിറവും, ശരീരത്തിനടിവശം വെള്ളനിറവുമാണ്. മരങ്ങള്‍ തിങ്ങിവളരുന്നിടങ്ങളില്‍ ജീവിക്കാനിഷ്ടപ്പെടുന്നവരാണ് ഇക്കൂട്ടര്‍. പഴങ്ങളാണ് ഇവയുടെ പ്രധാനാഹാരം.