ഓലേഞ്ഞാലി

0
1983

Tess J S
തെങ്ങോലത്തുമ്പില്‍ തൂങ്ങിയാടി പ്രാണികളെ ആഹാരമാക്കുന്ന ഓലേഞ്ഞാലികള്‍ മറ്റ് പക്ഷികളുടെ പേടി സ്വപ്നമാണ്. പ്രാണികളെ മാത്രമല്ല മറ്റുള്ള പക്ഷികളുടെ കൂടുകളില്‍ അതിക്രമിച്ചു കയറി മുട്ടകളും ഇവ ആഹാരമാക്കാറുണ്ട്. കാക്കയുടെ വര്‍ഗത്തില്‍പ്പെട്ട ഇവയെ തെങ്ങുള്ളയിടത്തെല്ലാം കാണുവാന്‍ കഴിയും. ഓലമുറിയന്‍, പൂക്കുറിഞ്ഞി, കോയക്കുറിഞ്ഞി എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു.
ഓലേഞ്ഞാലികളുടെ ദേഹം തവിട്ടു നിറത്തിലും തലയും കഴുത്തും മങ്ങിയ ചാര നിറത്തിലുമാണ് കാണപ്പെടുന്നത്. മരത്തിന്റെ ഉയര്‍ന്ന ചില്ലകളാണ് അന്തിയുറക്കത്തിനായി ഇവ തിരഞ്ഞെടുക്കുക. 18 ഇഞ്ചോളമാണ് ഇവയുടെ ശരീര വലിപ്പം. ചെറുപ്രാണികള്‍, പക്ഷിക്കുഞ്ഞുങ്ങള്‍, പക്ഷിമുട്ട തുടങ്ങിയവയാണ് പ്രധാന ആഹാരം. ഉയരമുള്ള മരത്തില്‍ കൂടൊരുക്കുന്ന ഇവയുടെ കൂടുകള്‍ കണ്ടെത്തുക പ്രയാസകരമാണ്. ഓലേഞ്ഞാലികളുടെ കൂടിനോട് ചേര്‍ന്ന് കൂടുവയ്ക്കുന്ന പക്ഷികളില്‍ പ്രധാനിയാണ് മഞ്ഞക്കുരുവികള്‍. കൂടിന്റെയും മുട്ടയുടെയും സംരക്ഷണാര്‍ത്ഥമാണ് മഞ്ഞക്കുരുവികള്‍ കൂടൊരുക്കുക. എന്നാല്‍ തരം കിട്ടിയാല്‍ ഇവരുടെ മുട്ടയെയും കൂഞ്ഞിനെയും ഓലേഞ്ഞാലികള്‍ നശിപ്പിച്ചു കളയും.
ഓലേഞ്ഞാലികളോട് സാമ്യമുള്ള മറ്റൊരിനമാണ് കാട്ടൂഞ്ഞാലികള്‍. പശ്ചിമഘട്ടത്തില്‍ മാത്രം കണ്ടുവരുന്ന ഇവയുടെ ഇഷ്ടസ്ഥലം നിത്യഹരിതവനങ്ങളാണ്. ഒരു തവണ നാലു മുട്ടകള്‍ വരെയിടുന്ന ഇവരുടെ മുട്ടയ്ക്ക് പച്ചയോട് കൂടിയ വെള്ളനിറമാണ്.
മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് ഓലേഞ്ഞാലികള്‍ കൂടൊരുക്കുന്നതും മുട്ടയിടുന്നതും. കേര്‍വിഡേ കുടുംബത്തില്‍ ഉള്‍പ്പെടുന്ന പക്ഷിവര്‍ഗമാണ് ഓലേഞ്ഞാലികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here