AAMIS (2019)

0
1576

Bibin, Santhom College
ഭാസ്കർ ഹസാരിക രചനയും സംവിധാനവും നിർവ്വഹിച്ച് ലിമദാസ് , അർഗ ദീപ് ബറുവ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആസാമീസ് ഭാഷയിൽ 108 മിനിറ്റ് ദൈർഘ്യത്തിൽ 2019 -ൽ പുറത്തിറങ്ങിയ ചിത്രമാണ് ആമിസ്.

വിവാഹിതയും ഒരാൺകുട്ടിയുടെ അമ്മയുമായ ഡോ. നിർമ്മാലിയുടേയും നരവംശ ശാസ്ത്ര ഗവേഷക വിദ്യാർത്ഥിയായ സുമന്റേയും കഥ പറയുകയാണ് പ്രഥമദൃഷ്ട്യാ ആമിസ്.
ആമിസ് ഇതുവരേയും കാണാത്തവരാണ് നിങ്ങളെങ്കിൽ തുടർന്നുള്ള എന്റെ വാക്കുകൾ കേൾക്കുന്നത് ഒരു പക്ഷേ ചിത്രത്തിന്റെ ശരിയായ ആസ്വാദനത്തിന് വിഘ്നം വരുത്തിയേക്കാം. ആയതിനാൽ ആമിസിനെപ്പറ്റിയുള്ള മറ്റൊന്നും അറിയാൻ നില്ക്കാതെ ചിത്രം കാണുന്നതാണ് ഏറ്റവും ഉത്തമം.
വടക്ക്-കിഴക്കൻ ജനങ്ങളുടെ മാംസ ഭക്ഷണ രീതിയെക്കുറിച്ച് നരവംശ ശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന സുമൻ എന്ന യുവാവ് വളരെ യാദൃശ്ചികമായി ശിശുരോഗ വിദഗ്തയായ ഡോ.നിർമ്മാലിയെ പരിചയപ്പെടുന്നതും തുടർന്ന് അവരുടെ ഇടയിൽ ഉടലെടുക്കുന്ന സൗഹൃദത്തിന്റെ കഥ പറയുമ്പോൾ , ഭക്ഷണം ഒരു പ്രധാന ഘടകമായി വരുന്നു. കാരണം
മാംസ ഭക്ഷണത്തോടുള്ള താല്പര്യമാണ് അവരെ കൂട്ടിയിണക്കിയ പ്രധാന സംഗതി. പുതിയ രുചികൾ തേടിയുള്ള യാത്രയിൽ സൗഹ്യദത്തോടൊപ്പം പതിയെ പ്രണയവും അവരുടെ ഉള്ളിലേക്ക് കയറുകയാണ്.
ആമിസിലെ ഓരോ കഥാപാത്രങ്ങളുടേയും ഗംഭീര പ്രകടനങ്ങൾ എടുത്തു പറയേണ്ടുന്ന ഒന്നാണ്. ലിമയും അർഗ ദീപും മത്സരിച്ചാണ് അഭിനയിച്ചിരിക്കുന്നത്. തികച്ചും സ്വഭാവികമായ അതിനാടകീയതയില്ലാത്ത അഭിനയ മുഹൂർത്തങ്ങൾ മികച്ച കയ്യടി അർഹിക്കുന്നു.
തിരശ്ശീലയിൽ കണ്ടു ശീലിച്ച പ്രണയങ്ങളിൽ നിന്ന് തീർത്തും മനസിനെ വല്ലാതെ അസ്വസ്ഥമാക്കുന്ന കാഴ്ചകളൊരുക്കുന്നിടത്ത് ആമിസ് ഒരു പുതിയ അനുഭവമായി മാറുന്നുണ്ട്.
വിവാഹിതയായ മധ്യവയ്കയും തന്റെ പ്രായത്തിൽ ഇളയവനുമായ യുവാവും തമ്മിലുള്ള പ്രണയങ്ങൾ സിനിമകളിൽ ഒട്ടനവധി തവണ കൈകാര്യം ചെയ്ത വിഷയം തന്നെയായിരുന്നിട്ടും അവയിൽ നിന്നൊക്കെ ആമിസിനെ വേറിട്ടു നിർത്തുന്നിടത്ത് ഭാസ്കർ ഹാസാരിക എന്ന എഴുത്തുകാരനും സംവിധായകനും നല്ല കയ്യടി കൊടുക്കാം. ഒപ്പം ആമിസിന്റെ കാഴ്ചകളും പശ്ചാത്തല സംഗീതവും അതിഭാവുകത്വങ്ങൾ ഒന്നുമില്ലാതെ ഒരുക്കുമ്പോൾ അണിയറ പ്രവർത്തകർക്കും നല്ല സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കാം.
‘ആമിസ്’ എന്ന വാക്കിന്റെ അർത്ഥം മാംസം എന്നാണ്. അടങ്ങാത്ത മാംസദാഹത്തിലൂടെ മാംസനിബദ്ധമായ പ്രേമത്തിന്റെ ആഖ്യാനമാവുകയാണ് ആമിസ്.
കൂട്ടുകാരനെ ചികിത്സിച്ചതിനു പകരമായി ഡോ. നിർമ്മാലിക്ക് ഇറച്ചി പാകം ചെയ്ത് കൊടുക്കുന്ന സുമനിൽ നിന്ന് വളരെ ലളിതമായി ആദ്യ പകുതിയിൽ സഞ്ചരിച്ച കഥ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോഴേക്കും ഞെട്ടിപ്പിക്കുന്ന കാഴ്ചകളിലേക്ക് കൊണ്ടെത്തിക്കുന്നു.
സ്വദേറിയ വിവിധ മാംസാഹാരങ്ങളുടെ രൂപത്തിലൂടെ തന്റെ പ്രണയം നല്കികൊണ്ട് സുമൻ യാത്ര ചെയ്യുന്നത് നിർമ്മാലിയുടെ ഹൃദയത്തിലേക്കാണ്.
പ്രണയത്തിന്റെ ഒന്നാകലിന് സമൂഹത്തിന്റെ സദാചാര – ധാർമ്മിക കാഴ്ചപ്പാടുകൾ വിലങ്ങുതടിയാകുമ്പോൾ സുമൻ സ്വന്തം ശരീരം മുറിച്ച് ഭക്ഷണമായി നിർമ്മാലിക്ക് നല്കുന്നു. അങ്ങനെ അവളെ സ്പർശിക്കാതെ, അവൾക്കൊപ്പം ശയിക്കാതെ അവൻ അവളിലേക്ക് ആഴ്ന്നിറങ്ങുന്നു. ഒന്നാകലിന്റെ അഭിനിവേശം അടങ്ങാത്ത ആർത്തിയായി മാറുന്ന മ്പോൾ കാഴ്ചകൾ അലോസര പ്പെടുത്തിയേക്കാം.എല്ലാ സാമ്പ്രദായിക രീതികളേയും തച്ചുടയ്ക്കുന്ന ചിത്രം ക്ലൈമാക്സിലെത്തുമ്പോൾ കൈവരിക്കുന്ന ഭീകരതയും ആ കാഴ്ച പകരുന്ന മരവിപ്പും അത്ര പെട്ടെന്ന് ഉള്ളിൽ നിന്ന് പോകില്ല.
തീർത്തും വ്യത്യസ്തമായ ഒരു ചലച്ചിത്രാനുഭവമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ തീർച്ചയായും കണ്ടിരിക്കാവുന്ന ചിത്രമാണ് ആമിസ്.

LEAVE A REPLY

Please enter your comment!
Please enter your name here