ഫത്തേ സിംഗ് റാത്തോഡ്

0
1851

Arya A J
‘ടൈഗര്‍ ഗുരു’ എന്ന അപരനാമത്തില്‍ പ്രശസ്തനായ കടുവ സംരക്ഷകനാണ് ഫത്തേ സിംഗ് റാത്തോഡ്. ഇന്ത്യയിലെ ആദ്യത്തെ ‘പ്രോജക്ട് ടൈഗര്‍’ സംഘത്തില്‍ അംഗമായിരുന്ന അദ്ദേഹം, വന്യജീവി സംരക്ഷണ മേഖലയില്‍ 50 വര്‍ഷത്തോളം സജീവമായി പ്രവര്‍ത്തിച്ചു.
1938 ആഗസ്റ്റ് 10ന് രാജസ്ഥാനിലെ ജോധ്പൂരിലെ ചൊറാഡിയ ഗ്രാമത്തിലാണ് ഫത്തേ സിംഗ് റാത്തോഡ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് സഗത് സിംഗ്, ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു. കുടുംബത്തിലെ മൂത്ത മകനായിരുന്ന റാത്തോഡിനെ, മാതാവ് വളരെയധികം സ്‌നേഹിച്ചു. ഡെറാഡൂണിലെ ബ്രൗണ്‍ കേബ്രിഡ്ജ് സ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസീ. 1960ല്‍ രാജപുതാന സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം, തന്റെ അമ്മാവന്റെ നിര്‍ദ്ദേശപ്രകാരം രാജസ്ഥാന്‍ ഫോറസ്റ്റ് സര്‍വ്വീസില്‍ ചേര്‍ന്നു. കടുവകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇത് അവസരം ഒരുക്കി. ജോലിയുടെ ഭാഗമായി നിരവധി കടുവ വേട്ടകള്‍ക്ക് ഒരുക്കങ്ങള്‍ നടത്തേണ്ടതായും വന്നു. ക്രമേണ ഈ തൊഴിലുമായി പൊരുത്തപ്പെട്ട അദ്ദേഹം, സരിസ്‌ക, മൗണ്ട് അബു എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചു. 1971ല്‍ രതംബൂരില്‍ ഗെയിം വാര്‍ഡനായി നിയമിതനായി.
പ്രോജക്ട് ടൈഗറിന് റാത്തോഡ് നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. രതംബൂര്‍ ഒരു ദേശീയ ഉദ്യാനമായി നിലനിര്‍ത്തയതിനു പിന്നില്‍ അദ്ദേഹം വഹിച്ച പങ്കും വളരെ വലുതാണ്. കടുവകളുടെ ജീവിതം സുഗമമാക്കുന്നതിലേയ്ക്കായി ആ പ്രദേശത്തെ ഗ്രാമവാസികളെ മാറ്റിപാര്‍പ്പിക്കുവാനുള്ള തീരുമാനം, വിജയകരമായി നടന്നതിനു പിന്നില്‍ റാത്തോഡിന്റെ കഠിന പ്രയത്‌നമുണ്ട്. ഇതെ തുടര്‍ന്ന് ഗ്രാമവാസികളുടെ രോഷത്തിനും അദ്ദേഹം പാത്രീഭവിച്ചു.
സംരക്ഷണ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ വിവിധ പദവികളും റാത്തോഡ് കൈകാര്യം ചെയ്തു പോന്നു. 1990ല്‍ രൂപീകൃതമായ ‘ടൈഗര്‍ വാച്ച്’ എന്ന എന്‍.ജി.ഒ.യുടെ വൈസ് ചെയര്‍മാനായി റാത്തോഡ് സേവനം അനുഷ്ഠിച്ചു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്.
വേള്‍ഡ് വൈള്‍ഡ് ലൈഫ് ഫണ്ട് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം, അന്താരാഷ്ട്ര ധീരതാ പുരസ്‌കാരം (1983) , ഐ.യു.സി.എന്‍. അന്താരാഷ്ട്ര പാര്‍ക്ക്‌സ് മെറിറ്റ് അവാര്‍ഡ് (1982) തുടങ്ങി നിരവധി ബഹുമതികള്‍ക്ക് അര്‍ഹനായ ഈ പ്രതിഭ, 2011 മാര്‍ച്ച് 1 ന് തന്റെ 72ാം വയസ്സില്‍ ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് അന്തരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here