പാഷന്‍ ഫ്രൂട്ട്

0
1530

Tess J S
പാസിഫ്‌ളോറ എഡുലിസ്, പാസിഫ്‌ളോറ എഡുലിസ് ഫ്‌ളെവിക്കാര്‍പ്പ, പാസിഫ്‌ളോറ ക്വാഡ്രാങ്കുലാരിസ്, പാസിഫ്‌ളോറ ലിങ്കുലാരിസ്, പാസിഫ്‌ളോറ മൊള്ളിസിമ എന്നിങ്ങളെ വ്യത്യസ്ഥയിനങ്ങളിലായി പാഷന്‍ ഫ്രൂട്ട് കാണപ്പെടുന്നു. പാസിഫ്‌ളോറേസ്യെ എന്ന കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ ഭൗമോപരിതലത്തില്‍ വേരുകളുറപ്പിച്ച് വളരുന്ന വള്ളിച്ചെടിയാണ്. തെക്കേ അമേരിക്കയാണ് ഇവയുടെ ജന്മദേശം. ഇന്ത്യയില്‍ കണ്ടുവരുന്ന പ്രധാനപ്പെട്ടയിനങ്ങളാണ് പാസിഫ്‌ളോറ എഡുലിസ്, പാസിഫ്‌ളോറ എഡുലിസ് ഫ്‌ളെവിക്കാര്‍പ്പ, പാസിഫ്‌ളോറ ക്വാഡ്രാങ്കുലാരിസ് തുടങ്ങിയവ. കട്ടിയുള്ള തോടിനുള്ളില്‍ ധാരാളം വിത്തുകളും അതിനെ പൊതിഞ്ഞ് പുളിയും മധുരവുമുള്ള കാമ്പും പാഷന്‍ ഫ്രൂട്ടിനുള്ളില്‍ കാണാം. ജ്യൂസ്, സ്‌ക്വാഷ്, സിറപ്പ് എന്നിവയുടെ നിര്‍മ്മാണത്തിനായി ഇവ ഉപയോഗിക്കുന്നു.ജീവകസമൃദ്ധമായ ഇവയില്‍ ജീവകം എയും, സിയും അടങ്ങിയിരിക്കുന്നു.
അഞ്ച് സെന്റീമീറ്റര്‍ വരെ നീളവും, അന്‍പത് ഗ്രാം വരെ തൂക്കവും വയ്ക്കുന്ന പാസിഫ്‌ളോറ എഡുലിസിന്റെ പഴങ്ങള്‍ പര്‍പ്പിള്‍ നിറത്തില്‍ കാണപ്പെടുന്നു. നല്ല മധുരമുള്ള പഴങ്ങളാണ് ഇവയുടേത്. ബ്രസീലാണ് ഇവയുടെ ജന്മദേശം. കേരളത്തില്‍ ചൂട് കൂടുതലുള്ള പ്രദേശങ്ങളില്‍ സുലഭമായി ഇവ വളരുന്നു.
കടും മഞ്ഞ നിറത്തില്‍ കാണപ്പെടുന്നവയാണ് പാസിഫ്‌ളോറ എഡുലിസ് ഫ്‌ളെവിക്കാര്‍പ്പ. ഇവയ്ക്ക് നൂറ് ഗ്രാം വരെ തൂക്കം വയ്ക്കുന്നു. താരതമ്യേന പുളിയുള്ള ഇനമാണ് ഇവ. ഒരു വര്‍ഷം കൊണ്ട് ഇരുപത് അടി വരെ ഉയരത്തില്‍ ഇവ വളരുന്നു.
അഞ്ഞൂറ് ഗ്രാം വരെ തൂക്കംവയ്ക്കുന്ന പാസിഫ്‌ളോറ ക്വാഡ്രാങ്കുലാരിസ് ആകാശവെള്ളരി എന്നും അറിയപ്പെടുന്നു. വലിപ്പംകൂടിയ ഇവയ്ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് സ്വാദ് കുറവാണ്.
ഹോമിയോപതിയിലും, അലോപതിയിലും മരുന്നുകളുടെ നിര്‍മ്മാണത്തിന് ഇവ ഉപയോഗിക്കാറുണ്ട്. ഉറക്കമില്ലായ്മക്ക് നല്‍കുന്ന മരുന്നുകളിലും ഇവയുടെ സത്ത് ചേര്‍ക്കുന്നു. കൂടാതെ ആസ്മ, ദഹനക്കുറവ് എന്നിവയ്ക്കും ഉപയോഗിക്കുന്നു. ഒരു ചെടിയില്‍ നിന്ന് അഞ്ച് കിലോഗ്രാം വരെ ഫലങ്ങള്‍ ലഭിക്കാറുണ്ട്. പത്ത് വര്‍ഷം വരെയാണ് ഇവയുടെ ആയുസ്സ്.

LEAVE A REPLY

Please enter your comment!
Please enter your name here