തുമ്പ

0
1841

Tess J S
ല്യൂക്കസ് അസ്‌പെറ എന്ന ശാസ്ത്രീയനാമത്തില്‍ ഇവയെ അറിയപ്പെടുന്നു. ലാമിയേസ്യെ സസ്യകുടുംബത്തിലാണ് തുമ്പയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തുമ്പ, കരിന്തുമ്പ, പെരുന്തുമ്പ എന്നിങ്ങനെ മൂന്നു തരത്തില്‍ ഈ ചെടി കാണപ്പെടുന്നു. കര്‍ക്കിടകമാസത്തില്‍ വളര്‍ന്നുതുടങ്ങുന്ന ഇവ ഓണക്കാലമാകുന്നതോടെ പൂവിടാന്‍ തുടങ്ങുന്നു. രണ്ടടി വരെ ഉയരത്തില്‍ വളരുന്ന ഇവയുടെ ഇലകള്‍ക്കിടയിലായി തൂവെള്ള നിറത്തിലുള്ള പൂക്കള്‍ കാണപ്പെടുന്നു. മലയാളിയും തുമ്പപ്പൂവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. അത്തപ്പൂക്കളം തുമ്പയെ ഒഴിച്ചു നിര്‍ത്തി പൂര്‍ണ്ണമാക്കാന്‍ കഴിയില്ല എന്നു തന്നെ പറയാം. തൃക്കാക്കരയപ്പനെ സ്വീകരിക്കാനായി തയാറാക്കുന്ന പൂവടയിലും തുമ്പപ്പൂവ് ചേര്‍ക്കാറുണ്ട്. വിനയത്തിന്റെ പ്രതീകമായാണ് തുമ്പയെ കേരളീയര്‍ കരുതുന്നത്. ഓണത്തപ്പനെ അലങ്കരിക്കാന്‍ തുമ്പക്കുടം തന്നെ വേണം.
തുറസ്സായ സ്ഥലങ്ങളിലും അധികം നനവുതട്ടാത്ത പ്രദേശങ്ങളിലുമാണ് ഇവ വളരുന്നത്. ഇവയുടെ തണ്ട്, ഇല, പൂവ് എന്നിവ ഔഷധനിര്‍മ്മാണത്തിനുപയോഗിക്കുന്നു. തുമ്പ കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇലയില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസൈഡ് അണുനാശിനിയാണ്. കൂടാതെ നാട്ടുവൈദ്യത്തില്‍ ജലദോഷത്തിനുള്ള മരുന്നായി ഇവയെ ഉപയോഗിക്കുന്നു. കൊതുകു നശീകരണത്തിന് ഇവ പുകയ്ക്കുന്നത് ഫലപ്രദമാണ്. ചെടിയുടെ വിത്ത് വഴിയാണ് പുതിയ സസ്യം ഉണ്ടാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here