Tess J S
നാലുചിറകുകളുള്ള, വര്‍ണ്ണത്തില്‍ പൊതിഞ്ഞ ഈ സുന്ദരികളെ കാണാത്തവരായി ആരുമുണ്ടാകില്ല. പൂത്തുമ്പി, പൂമ്പാറ്റ, തേന്‍തുമ്പി എന്നീ പേരുകളിലും ചിത്രശലഭങ്ങള്‍ അറിയപ്പെടുന്നു. മനുഷ്യന്‍ ഭൂമിയിലുണ്ടാകുന്നതിനും ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഇവ ഭൂമിയിലുണ്ടായിരുന്നു. ഇന്‍സെക്റ്റ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗമാണ് ഇവ. ഗ്രീക്കുഭാഷയില്‍ ചിറകുള്ള ശല്‍ക്കങ്ങളുള്ള എന്നര്‍ത്ഥം വരുന്ന ലെപ്പിഡോപ്റ്റിറ എന്ന ഗോത്രത്തിലാണ് ചിത്രശലഭങ്ങളെയും നിശാശലഭങ്ങളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പകല്‍ സമയം സഞ്ചരിക്കുകയും ഇരതേടുകയും ചെയ്യുന്നവരെയാണ് ചിത്രശലഭം എന്ന് അറിയപ്പെടുന്നത്. നിശാശലഭങ്ങള്‍ രാത്രികാലങ്ങളില്‍ സഞ്ചരിക്കുന്നവരും ഇരതേടുന്നവരുമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചിത്രശലഭം ക്യൂന്‍ അലക്‌സാണ്ട്രസ് ബേഡ് വിങ് ആണ്. ഇവയുടെ വിടര്‍ത്തിയ ചിറകുകള്‍ക്ക് 28 സെ. മീ വരെ നീളമുണ്ടാകും. ന്യൂഗിനി ദ്വീപുകളിലാണ് ഇവയെ കാണപ്പെടുന്നത്. വടക്കേ അമേരിക്കയില്‍ കണ്ടുവരുന്ന വെസ്റ്റേണ്‍ പിഗ്മി ബ്ലൂ ആണ് ലോകത്തിലെ ഏറ്റവും ചെറിയ ശലഭം.
ഒരു ചിത്രശലഭം നാല് ജീവിതഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മുട്ട, ലാര്‍വ, പ്യൂപ, ശലഭം എന്നീ നാല് ദശാസന്ധികള്‍ ഇവയ്ക്കുണ്ട്. സാധാരണയായി ഇലകളുടെ അടിവശത്താണ് പെണ്‍ശലഭം മുട്ടയിടുന്നത്. മുട്ടവിരിഞ്ഞ് പുറത്തുവരുന്ന ശലഭപ്പുഴുക്കളെ ലാര്‍വ എന്നറിയപ്പെടുന്നു. രണ്ടാഴ്ച്ചക്കാലത്തിനു ശേഷം ഇവ സ്വയം ആവരണം ചെയ്ത തോടിനുള്ളില്‍ കഴിഞ്ഞുകൂടുന്നു. ആഹാരം ഉപേക്ഷിക്കുന്ന ലാര്‍വയുടെ ഈ സമാധി അവസ്ഥയെ പ്യൂപ എന്നാണ് അറിയപ്പെടുക. ഒരാഴ്ച്ചകൊണ്ട് ഇവ മനോഹരങ്ങളായ ശലഭങ്ങളായി മാറുന്നു. പതിനഞ്ച് ദിവസം വരെയാണ് ഒരു ശലഭത്തിന്റെ ശരാശരി ആയുസ്സ്. വര്‍ഷങ്ങള്‍ ജീവിക്കുന്ന ശലഭങ്ങളുമുണ്ട്. ആറുകാലുകളാണ് ഇവയ്ക്കുള്ളത്. പൂവുകളിലെ തേനാണ് ശലഭങ്ങളുടെ ആഹാരം. ഇന്ത്യയില്‍ കാണപ്പെടുന്ന ഏറ്റവും വലിയ ശലഭം ഗരുഢശലഭമാണ്.