അരയാല്‍

0
1666

Tess J S
ഫീക്കസ് റിലീജിയോസ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന അരയാലിനെ ബുദ്ധമതക്കാരും, ഹിന്ദുക്കളും പുണ്യവൃക്ഷമായി കരുതുന്നു. പീപ്പലം, ബോധിവൃക്ഷം എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ഇന്ത്യയാണ് അരയാലിന്റെ ജന്മദേശം. അരയാലിന്റെ മൂലത്തില്‍ ബ്രഹ്മാവും, മധ്യത്തില്‍ വിഷ്ണുവും, അഗ്രത്തില്‍ ശിവനും കുടികൊള്ളുന്നുവെന്നാണ് ഹിന്ദുമതവിശ്വാസം. ശ്രീകൃഷ്ണന്‍ പ്രളയത്തെ അതിജീവിച്ചത് അരയാല്‍ മരത്തില്‍ കിടന്നാണെന്നും വിശ്വാസം നിലനില്‍ക്കുന്നു. എല്ലാ ക്ഷേത്രങ്ങള്‍ക്ക് സമീപവും അരയാല്‍ മരം കാണാന്‍ കഴിയും. ബുദ്ധ മതവിശ്വാസമനുസരിച്ച് ബുദ്ധന്‍ ആറ് വര്‍ഷക്കാലം ധ്യാനത്തിനിരുന്നത് അരയാലിന്റെ ചുവട്ടിലാണെന്ന് കരുതപ്പെടുന്നു.
മൊറേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന അരയാലിന്റെ ശസ്ത്രീയനാമം ഫീക്കസ് റിലീജിയോസ എന്നതാണ്. ബിസി 288 നോടടുപ്പിച്ചാണ് ഇന്ത്യയില്‍ ഇവയെ കണ്ടുതുടങ്ങിയത്. മുപ്പത് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇവ മഴക്കാലത്ത് ഇലപൊഴിക്കുന്ന വൃക്ഷമാണ്. വളരെക്കാലം അയുസ്സുള്ള മരങ്ങളാണിവ. ഇളം ചുവപ്പ് നിറത്തില്‍ ഇലകള്‍ ഉണ്ടാവുകയും, പിന്നീടവ പച്ച നിറമായി മാറുകയും ചെയ്യുന്നു. നീണ്ട അഗ്രത്തോട് കൂടിയതാണ് ഇവയുടെ ഇലകള്‍. ഒരു വൃക്ഷത്തില്‍ തന്നെ ആണ്‍ പൂവും, പെണ്‍ പൂവും കാണപ്പെടുന്നു. വേര്, ഇല, കായ, വൃക്ഷത്തിന്റെ തൊലി എന്നിവ ആയൂര്‍വേദ ഔഷധങ്ങളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു. അരയാലിന്റെ മാഹാത്യം ഔഷധനിര്‍മ്മാണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇടതൂര്‍ന്ന് വളരുന്ന വൃക്ഷമായതിനാല്‍ അനേകം പക്ഷിമൃഗാദികളുടെ വാസസ്ഥലം കൂടിയാണ് ഇവ. കൂടാതെ വലിയ അളവില്‍ ഓക്‌സിജന്‍ പുറത്തേക്ക് വിടുന്ന ഇവ അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിനും, സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here