അശോകം

0
1096

Tess J S
സറാക്ക അശോക എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന അശോകം ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ ധാരാളമായി വളരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 750 മീറ്റര്‍ ഉയരത്തിലും, മഴക്കാടുകളിലുമാണ് ഇവ കാണപ്പെടുക. ഓറഞ്ച് നിറത്തിലും, മഞ്ഞ നിറത്തിലും അശോക മരത്തിന്റെ പൂക്കള്‍ കാണപ്പെടുന്നു. വലിയ പൂങ്കുലകളായി വളരുന്ന ഇവ ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് പുഷ്പിക്കുന്നത്. ഒമ്പത് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വൃക്ഷങ്ങളാണിവ.
മതാധിഷ്ഠിതമായ വിശ്വാസങ്ങളിലും, സാഹിത്യപരമായ വിഷയങ്ങളിലും അശോകമരത്തിന്റെ പ്രാധാന്യം കാണാം. യുവതികളുടെ പാദസ്പര്‍ശത്താല്‍ അശോകമരം പൂക്കുമെന്ന് സാഹിത്യകാരന്മാര്‍ അവരുടെ സൃഷ്ടികളിലൂടെ പരാമര്‍ശിക്കുന്നു. പ്രാചീനഗ്രന്ഥമായ ചരകസംഹിതയില്‍ അശോകമരത്തിന്റെ ഔഷധഗുണങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ബുദ്ധക്ഷേത്രങ്ങളുടെ കവാടത്തില്‍ ഇവയെ നട്ടുവളര്‍ത്തിയിരിക്കുന്നതായി കാണാം. ബുദ്ധന്റെ ജനനം അശോകമരത്തിന്റെ ചുവട്ടിലായിരുന്നു എന്ന വിശ്വാസം നിലനില്‍ക്കുന്നതിനാലാണ് ഇവയെ വിശ്വാസികള്‍ പരിപാലിക്കുന്നത്.
അശോകത്തിന്റെ തൊലിയും പൂവും ആധുനിക ഔഷധ നിര്‍മ്മാണത്തിനും, പ്രകൃതിദത്ത സ്റ്റീറോയിഡുകളുടെ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നു. ഇവയില്‍ ടാനിന്‍, ഗ്ലൈകോസൈഡ്, കാല്‍സ്യം, ഇരുമ്പ്, കീറ്റോസ്റ്റിറോള്‍ എന്നിവയടങ്ങിയിരിക്കുന്നു. വംശനാശഭീഷണി നേരിടുന്ന വൃക്ഷങ്ങളുടെ കൂട്ടത്തില്‍ ഐയുസിഎന്‍ ഇവയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here