കറിവേപ്പ്

Tess J S
കുറ്റിച്ചെടിയായി വളരുന്ന ഇവ റൂട്ടേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നവയാണ്. കറിവേപ്പിന്റെ ജന്മദേശം ഇന്ത്യയാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്നവയാണ് ഇവ. കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ് കാര്‍ബോഹൈഡ്രേറ്റ്, ഇരുമ്പ്, ഫോസ്ഫറസ്, നാരുകള്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡെന്റുകള്‍ തുടങ്ങിയവ. ഒരു ചെറിയ ഇലയില്‍ ഇത്രയേറെ ഘടകങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. ഭക്ഷ്യവിഭവങ്ങളില്‍ രുചിക്കും, മണത്തിനുമായി ഇവയുടെ ഇല ചേര്‍ക്കുന്നു. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ് ഇവ. പണ്ടുകാലങ്ങളില്‍ നാട്ടുവൈദ്യത്തിലെ പ്രധാന ഔഷധം കൂടിയായിരുന്നു കറിവേപ്പില. ഇവയുടെ പൂവിന് വെളുത്ത നിറവും, പാകമായ കായ്കള്‍ക്ക് പച്ച നിറവുമാണ്. വേരില്‍ നിന്നാണ് പ്രധാനമായും പുതിയ ചെടികള്‍ വളര്‍ത്തിയെടുക്കുന്നത്.
കറിവേപ്പിലയെക്കുറിച്ചുള്ള പഴമക്കാരുടെ പരാമര്‍ശം ഇങ്ങനെയാണ് – ഒരില, ഒരായിരം ഗുണങ്ങള്‍. ദഹനപ്രക്രിയ ശരിയായ രീതിയില്‍ നടക്കുന്നതിന്, ത്വക് രോഗങ്ങളുടെ ശമനത്തിന്, ഓര്‍മ്മശക്തി, കാഴ്ച്ചശക്തി എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് തുടങ്ങി നിരവധി ഗുണങ്ങളാണ് ഇവയ്ക്കുള്ളത്. അകാലനരയെ പ്രതിരോധിക്കാനും, തലയോട്ടിയിലെ മൃതകോശങ്ങളെ ഇല്ലാതാക്കാനും ഇവയ്ക്ക് കഴിവുണ്ട്. ഇവയുടെ ഇല, തൊലി, വേര് എന്നിവയാണ് ഔഷധയോഗ്യമായ ഭാഗം.

LEAVE A REPLY

Please enter your comment!
Please enter your name here