Tess J S
ഉഷ്ണരക്തമുള്ള ജീവിയായ തിമിംഗലത്തിന്റെ ശരാശരി ആയുസ്സ് 80 വര്‍ഷമാണ്. മത്സ്യമല്ലെങ്കിലും മത്സ്യത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന സസ്തനിയാണ് ഇവ. ലോകത്തിലെ ഏറ്റവും വലിയ സസ്തനി, തിമിംഗല വിഭാഗമായ നീലതിമിംഗലമാണ്. ഇരുണ്ട നീലനിറമാണിവയ്ക്ക്. ഒരു നേരം ഒരു ടണ്ണോളം ഭക്ഷണം ഇവയ്ക്കാവശ്യമാണ്.
തിമിംഗലത്തിന്റെ ശരാശരി നീളം 35 മീറ്റര്‍ വരെയാണ്. ജനിച്ചു വീഴുന്ന ഒരു കുഞ്ഞിനു തന്നെ 2.5 ടണ്‍ ഭാരമുണ്ടാകും. കുഞ്ഞുങ്ങളെ പാലൂട്ടിവളര്‍ത്തുന്ന ജലജീവികൂടിയാണ് തിമിംഗലങ്ങള്‍. ഇവയുടെ ഗര്‍ഭകാലം പത്രണ്ട് മാസം വരെ നീണ്ടുപോകാറുണ്ട്. തിമിംഗലത്തിന്റെ ശരീരത്തില്‍ നിന്നും ലഭിക്കുന്ന അമ്പര്‍ ഗ്രീസ് എന്ന പദാര്‍ത്ഥം സുഗന്ധദ്രവ്യങ്ങളിലെ ഒരു ഘടകമായി ഉപയോഗിക്കുന്നു. തിമിംഗലങ്ങളെക്കുറിച്ചുള്ള പഠനമാണ് സീറ്റോളജി.
ഏകദേശം 60 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് തിമിംഗലങ്ങള്‍ ഇന്നത്തെ രൂപം പ്രാപിക്കുന്നത്. മാംസഭുക്കുകളായ ഇവയുടെ പ്രധാനാഹാരം മറ്റ് ചെറു മത്സ്യങ്ങളും, കടല്‍ ജീവികളുമാണ്. പ്രധാനപ്പെട്ട തിമിംഗല ഇനങ്ങളാണ് നീലത്തിമിംഗലം, കടലിന്റെ അടിത്തട്ടുകളില്‍ കണ്ടുവരുന്ന ചുണ്ടന്‍ തിമിംഗലം, സ്‌പേം വെയ്ല്‍, കറുപ്പും വെളുപ്പും നിറത്തോട് കൂടിയ വേട്ടക്കാരന്‍ തിമിംഗലം തുടങ്ങിയവ.